Saturday, 28 November 2015

ഒരു ട്രെയിന്‍ യാത്രയുടെ ഓര്‍മയ്ക്ക്




  

ആദ്യ വർഷം കഴിഞ്ഞതേയുള്‌ളൂ. ആയുര്‍വേദ  സ്റ്റേറ്റ് കോണ്‍ഫറന്‍സ് കഴിഞ്ഞു കൊല്ലത്തു നിന്നും ട്രെയിനില്‍ തിരിച്ചുളള  യാത്ര.  B.A.M.S ആദ്യ വർഷം കഴിഞ്ഞതേയുള്‌ളൂ. സമ്മാനം മേടിച്ചുളള വരവാണ്. കൂടെയുളളവരെല്ലാം ഉച്ച വണ്ടി പിടിച്ചു. സമയ നിഷ്ടയുടെ കാര്യത്തില്‍ ഞാന്‍ പി ടി ഉഷയെ കടത്തിവെട്ടാറുള്ളതിനാല്‍ ഉച്ച ട്രെയിന്‍റെ കാര്യം ഗോപി. വൈകീട്ടത്തെ ട്രെയിനിനു കാത്തിരിപ്പാണ്. എന്‍റെ കുഞ്ഞനുജന്‍ ഓരോ ട്രെയിനും സസൂക്ഷ്മം വീക്ഷിക്കുന്നു. ഏതു നിമിഷവും ഒരു ശാസ്ത്രജ്ഞന്‍റെ സൂക്ഷ്മ പരിശോധന  വെടിഞ്ഞു അവന്‍ കര്‍മ നിരതനായേക്കാം എന്നതിനാല്‍ ഞാനും ഉമ്മയും  അവനെ തന്നെ സൂക്ഷിച്ചു നോക്കിയിരിക്കുന്നു. 

മൂന്നോ നാലോ മണിക്കൂറു കൂടുമ്പോള്‍ കുണുങ്ങി വരുന്ന ഒരു  ബസ്സ്‌ തന്നെ വലിയ അന്തസായിരുന്ന ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ചത്‌ കൊണ്ടായിരിക്കണം അന്നുമിന്നും ട്രെയിന്‍  എനിക്കൊരൽഭുതമാണ്.  ‘നീണ്ട ബസ്‌’ എന്ന് തന്നെയായിരുന്നു ട്രെയിന്‍ എന്ന ആംഗലേയ പദത്തിനു വഴിമാറും മുമ്പ് ഞാന്‍ പറഞ്ഞു ശീലിച്ചത്. ‘ഗൈറ്റടവ്’ എന്നും എല്ലാവർക്കും ഒരു തലവേദന ആണെങ്കില്‍ ആ അഞ്ചു മിനിറ്റ് എനിക്ക് സ്വര്‍ഗീയാനുഭൂതിയായിരുന്നു. കണ്മുന്നിലൂടെ ചീറിപായുന്ന ‘അവസാനിക്കാത്ത ബസ്സ്‌’ ഒട്ടേറെ  കൗതുകത്തോടെ നോക്കിനിന്ന ബാല്യത്തിലെവിടെയും പക്ഷെ  ‘മരുന്നിനു പോലും’  എനിക്ക് ഒരു ട്രെയിന്‍ യാത്ര ഉണ്ടായിട്ടില്ല. അതു കൊണ്ടായിരിക്കാം ഈ അടുത്ത കാലത്ത് ആദ്യമായി ട്രെയിനില്‍ വലതു കാല്‍ വച്ച് കയറും വരെ നിഗൂധമായ ആനന്ദം തരുന്ന  എന്തോ ഒന്ന് ഓരോ ട്രെയിന്‍ കാണുമ്പോഴും, എന്തിനധികം റെയില്‍ കാണുമ്പോള്‍ പോലും ഉളളില്‍ നിറയുമായിരുന്നു. എല്ലാവരും പരസ്പരം മിണ്ടിയും ചിരിച്ചും, കാത്തു നിന്നും, ഗൈറ്റില്‍ നിന്നു ഹോര്‍ണടിച്ചും, മണവാട്ടിയെ പോലെ മന്ദം മന്ദം പോവുന്ന നാട്ടിന്‍ പുറത്തെ ബസ്സു മാത്രം കണ്ടു ശീലിച്ച എനിക്ക്, ഒരേ ഗ്രഹത്തില്‍, ഒരു  പോലെ ജനിച്ചവരാണെന്ന പരിചയം പോലും കാണിക്കാത്ത ട്രെയിന്‍ മനുഷ്യന്മാര്‍ കടുത്ത നിരാശയായി.
 എന്തോ ആദ്യ യാത്രയോടെ നിഗൂധമായ ആ ആനന്ദം വല്ലാത്ത ഭയം ആയി മാറി

AMAI യുടെ സമ്മാനത്തിന്‍റെ കൂടെ കിട്ടിയ അഹങ്കാരവും ആവേശവും അല്പം പോലും ചോരാതെ കയ്യിലുളളതിനാലാവണം ട്രെയിനിനെ കുറിച്ച് അഞ്ചു പൈസയുടെ വിവരം ഇല്ലാത്ത ഞാന്‍ സകുടുംബം ട്രെയിനില്‍. കയ്യിലുളളത് കൂട്ടുകാരിയുടെ അവള്‍ക്കു പോലുമറിയാത്ത ഏതോ ബന്ധുവിൻറെ  കുടുംബ സ്നേഹം ടിക്കെറ്റായി മാറ്റിയത്. അതും വെറും  ഒരെണ്ണം.ഞങ്ങളാകട്ടെ മൂന്നു പേര്‍.  കയറിയത് സ്ലീപ്പെറില്‍. ‘ഉളളില്‍ കയറി ടിക്കറ്റ്‌ എടുക്കാമല്ലോ  അല്ലെങ്കിലെന്താ, അങ്ങട്ജസ്റ്റ് ചെയ്തിരുന്നാ പോരെ’ എന്ന ഭാവം മുഖത്തും.  അതൊരു ഇമ്മിണി വല്ല്യ സാഹസമാണെന്നു മനസ്സിലാക്കാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല.
സീറ്റ്‌ കണ്ടു പിടിച്ചപ്പോഴേക്ക് അരമണിക്കൂറിലധികമായി.വല്ല വിധേനയും  ഒന്നിരുന്നാല്‍ മതിയെന്നായി. ഇരുന്നു അധികം കഴിഞ്ഞില്ല. ടി ടി വരുന്നു. കാക്കി ധരിച്ച ഒരു ബസ് കണ്ടക്ടര്‍ സ്റ്റൈലില്‍ ഉളള  ഒരു  ടി ടി യെ ആണ് ഞാന്‍ പ്രതീക്ഷിച്ചതു എന്ന് നിങ്ങള്‍ ധരിച്ചെങ്കില്‍  നിങ്ങള്ക്ക് തെറ്റി. അന്യന്‍ സിനിമയും നമ്പര്‍ 20 മദ്രാസ്‌ മെയിലും എല്ലാം, എന്‍റെ  ഉളളിലെ കാക്കി അണിഞ്ഞ ട്രെയിന്‍ കണ്ടക്ടറെ കോട്ട് ധരിപ്പിച്ചു സുന്ദരനാക്കിയിരുന്നു.
അടുത്ത് വന്നപ്പോള്‍ ഞാന്‍ ബഹുമാനപൂർവം  എണീറ്റു. ദാര്‍ഷ്ട്യം അല്ലാതെ മുഖത്ത് നിന്നും മറ്റൊന്നും വായിച്ചെടുക്കാനാവാത്ത ഒരു വല്ലാത്ത മനുഷ്യന്‍. ഒന്നും കൂസാത്ത  ഭാവം. ചുരുക്കത്തില്‍ ഒരു ക്രൂരനായ സിനിമ നാടനു  പറ്റിയ മുഖം എന്നാണ്  ഞാന്‍ മനസ്സിലോര്‍ത്തതു .അദ്ദേഹം സീറ്റിലേക്ക് നോക്കി. ഞങ്ങള്‍ ഒരു സീറ്റില്‍ കുടുംബ സമേതം താമസം തുടങ്ങിയിരിക്കുകയാണ്. ഒരറ്റത്ത് കഴിക്കാനുളള  ഭക്ഷണവും പാത്രങ്ങളും. അതിനടുത്ത് ഒരു കുഞ്ഞു പായ , പിന്നെ ബാഗ്, കൊതുക് വല എന്ന് തുടങ്ങി സര്‍വതും ഉണ്ട്. ഞാന്‍ ജനിച്ചതേ ഇതിലാണെന്ന മട്ടില്‍ ഉമ്മയും അനുജനും ഒന്നും കൂസാതെ ഇരിക്കുന്നു. ടി ടി യുടെ നോട്ടത്തില്‍ നിന്ന് തന്നെ കാര്യം അത്ര പന്തിയല്ല എന്നെനിക്കു ബോധ്യമായി തുടങ്ങി. വിനയത്തിന്റെ വോള്യം അല്പം  കൂട്ടി വച്ച് ഞാന്‍ ഒരു ടിക്കറ്റ്‌ കൂടി കിട്ടുമോ എന്ന് വളരെ നിഷ്കളങ്കമായി ചോദിച്ചു.
അദ്ദേഹം വല്ലാത്ത ഒരു നോട്ടം എനിക്ക് നേരെ എറിഞ്ഞു.
‘ഒരു ടിക്കറ്റെടുത്താണോ നിങ്ങള്‍ മൂന്നു പേര്‍ സ്ലീപ്പെറില്‍ കയറിയത്? ‘
  എനിക്ക് കാര്യങ്ങള്‍ ബോധ്യമായി തുടങ്ങി. കയറിയിട്ട് ടികെറ്റ് എടുക്കുന്ന ഏര്‍പ്പാട് ട്രെയിനില്‍ ഇല്ലെന്നു എനിക്ക് മനസ്സിലാക്കി തരാന്‍ അദ്ദേഹം കിണഞ്ഞു ശ്രമിച്ചു. ഒടുവില്‍ ഞാനങ്ങു സമ്മതിച്ചു കൊടുത്തു.
‘പിഴയൊടുക്കേണ്ടി വരും , ഇറക്കി വിടും  പോലീസിനെ വിളിക്ക്യും’ എന്ന് വരെ ആയി. അത്യാവശ്യം പത്രം വായിക്കുന്നതിനാല്‍ ഈ പാതിരാത്രിയില്‍ ഞങ്ങള്‍ മൂന്നു പേരും പുറത്തിറങ്ങി നില്‍ക്കുന്നതും അതിനു ശേഷം ഉണ്ടായേക്കാവുന്ന ഭീകര ദൃശ്യങ്ങളും എല്ലാം  എന്‍റെ മുന്നില്‍ തെളിഞ്ഞു.  അല്പം മാറി നിന്നാണ് സംസാരം. ഉമ്മയും അനിയനും ഇതൊന്നും കേട്ട മട്ടില്ല.ഞാന്‍ വന്നിട്ട് വേണം ചോറുണ്ണാന്‍ എന്ന ചിന്തയിലാണ്.  എനിക്ക് വല്ലാത്ത  ദേഷ്യം വന്നു. ഗോതമ്പുണ്ട തിന്നേണ്ടി വരും എന്ന് വിളിച്ചു പറയാന്‍ തോന്നി.
 എന്‍റെ ദയനീയത കണ്ടിട്ടും  അദ്ദേഹം കാര്കശ്യം ഒട്ടും വിടാതെ അദ്ദേഹം  ചോദിച്ചു ‘ കുട്ടി എന്ത് ചെയ്യുന്നു?’
ക്ഷണ നേരം കൊണ്ട് ഒരു ഡോക്ടര്‍ എന്ന് പറഞ്ഞാല്‍ കിട്ടുന്ന സ്വീകാര്യതയും ആദരവും പരിഗണയും ഞാന്‍ കൂട്ടി നോക്കി. ഒരു വിദ്യാര്‍ഥി എന്ന് പറഞ്ഞാല്‍ കിട്ടുന്ന സഹതാപ തരംഗത്തിന്റെ ഇരട്ടിയോളം വരുമെന്ന് യാതൊരു ഗുണന പട്ടികയുടെയും  സഹായമില്ലാതെ ഞാന്‍ കണക്കു കൂട്ടി. ഈ ഒരു  നിലവാരത്തില്‍ പോയാല്‍ ഒരു മൂന്നര വര്ഷം കൊണ്ട് ഞാനും ഡോക്ടര്‍ ആവുമല്ലോ  എന്നങ്ങ്  സമാധാനിച്ചു.
‘ആയുര്‍വേദ ഡോക്ടര്‍ ആണ്’ ഞാന്‍ പറഞ്ഞൊപ്പിച്ചു.
അദ്ദേഹത്തിന്റെ കണ്ണുകള്‍ വിടരുമെന്നും, ബഹുമാന പൂര്‍വ്വം  ഇരിക്കാന്‍ പറയുമെന്നും ഒക്കെ പ്രതീക്ഷിച്ച ഞാന്‍ അദ്ദേഹത്തിന്റെ യാതൊരു ദയയുമില്ലാത്ത നോട്ടത്തിനു മുന്നില്‍ നിന്ന് ചൂളി. വെറും ഡോക്ടര്‍ എന്ന് പറഞ്ഞാല്‍ മതിയായിരുന്നു.  പകച്ചു നിന്ന എന്നോടു യാതൊരു ദാക്ഷിണ്യവുമില്ലാതെ വരൂ എന്ന് പറഞ്ഞു മുന്നോട്ടു നടന്നു. ഒരു വലിയ തുക ഫൈന്‍ അടക്കേണ്ടി വരും എന്ന് ബോധ്യം ഉളളത് കൊണ്ടാവണം അദ്ദേഹത്തിന്‍റെ പിന്നാലെ നടക്കാനൊരുങ്ങിയ എന്‍റെ കയ്യില്‍ ഉമ്മ  കനമുളള  എന്തോ വച്ച് തന്നു. ഉമ്മയുടെ അവസരോചിതമായ ഇടപെടലില്‍ അത്യന്തം സന്തുഷ്ടയായി ഞാന്‍ കയ്യിലേക്ക് നോക്കിയനോക്കിയപ്പോള്‍ എന്‍റെ സമ്മാന തുക അതേ പടി കവറു പോലും ഒഴിവാക്കാതെ കയ്യില്‍ വച്ചു തന്നിരിക്കുന്നു. ആ കടുത്ത 'ആത്മാര്‍ഥത' കണ്ടപ്പോള്‍ എനിക്ക് ദേഷ്യം ഇരട്ടിയായി. ഇന്ദുചൂടനെ പോലെ  ഞാന്‍ തിരിച്ചു വരും എന്നാ മട്ടില്‍ ശാസനാ പൂര്‍വ്വം നോക്കിയിട്ട്, പുറത്തു കളയാന്‍ പോവുന്ന പൂച്ച കുട്ടിയെ പോലെ ഞാന്‍ അദ്ദേഹത്തിന്‍റെ പിന്നാലെ നടന്നു.

എനിക്ക് പേടിയായി തുടങ്ങി. വെളിച്ചമുളള കമ്പാര്‍ട്ട്മെന്റുകള്‍ പിന്നിലേക്ക്  പായുന്നു. നടക്കും തോറും ഇരുള് നിറയാന്‍ തുടങ്ങി. അദ്ദേഹമാണെങ്കില്‍ പിന്നിലേക്കോട്ടു നോക്കുന്നു പോലുമില്ല. അനിയനേയെങ്കിലും കൂടെ കൂട്ടാമായിരുന്നു എന്ന് ഖേദ പൂര്‍വ്വം ഓര്‍ത്തു.
എ സിയിലേക്ക് കടന്നതോടെ എന്‍റെ ഭയം ഇരട്ടിയായി. കൈ വിറക്കാന്‍ തുടങ്ങി. പോലീസിനെ വിളിക്ക്യാനാണോ? ട്രെയിനില്‍ ലോക്ക് അപ്പ്‌ ഉണ്ടാവുമോ ?  നൂറായിരം സംശയങ്ങള്‍ എന്‍റെ ഭയം വർധിപ്പിച്ചു. ഫൈന്‍ അടിക്കുന്ന സ്ഥലം  ദൂരെ ആയതു കൊണ്ടാവാം എന്ന് കരുതി സമാധാനിക്കാന്‍ ശ്രമിച്ചു. ആളില്ലാത്ത ഇടങ്ങള്‍ കൂടി കൂടി  വരുന്നു. എല്ലാവരും ഉറക്കം പിടിച്ചു തുടങ്ങിയിരിക്കുന്നു, ഒന്ന് മുരടനക്കാന്‍ പോലും ധൈര്യമില്ലാതെ ഞാന്‍ നടക്കുകയാണ്.  തിരിഞ്ഞു നടന്നാലോ എന്നോര്‍ത്തു തിരിഞ്ഞു നോക്കി. ഇരുട്ട് എന്നെ ഭയപ്പെടുത്തി. ‘ദൈവമുണ്ട്’ എന്ന് സൈക്കിള്‍ ശുദ്ധ അഗര്‍ബത്തിക്കാരന്‍ ആവര്‍ത്തിച്ചു പറഞ്ഞത് അന്നേ കണക്കിലെടുക്കാത്തതില്‍ ഞാന്‍ വല്ലാതെ ഖേദിച്ചു. പ്രാര്‍ത്ഥിക്കാന്‍ ഇങ്ങനെയും ഒരു  കാരണം ഉണ്ടാവുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ലല്ലോ.

സ്വതസിദ്ധമായ തര്‍ക്ക-സംഭാഷണ ശൈലി ഒന്നുമില്ലാതെ ആണ് അദ്ദേഹത്തോട് സംസാരിച്ചത്. വിദ്വേഷം തോന്നേണ്ട യാതൊരു കാര്യവുമില്ല. പിന്നെ??
ആളില്ലാത്ത ഒരു കമ്പാര്‍ട്ട്മെന്റില്‍ എത്തി അദ്ദേഹം നിന്നു. ഞാന്‍ നിന്ന് പൂങ്കുല  വിറക്കുകയാണ്. വനിതാ പോലീസു വരണമെന്ന് വാശി പിടിക്കണമെന്നും അപ്പോഴേക്കും ഉമ്മയേയും  അനിയനെയും വിളിക്ക്യാമെന്നും എല്ലാം കണക്കു കൂട്ടി  സിനിമ സ്റ്റൈലില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം ലൈറ്റ് ഓണ്‍ ചെയ്യുന്നു.
അദ്ദേഹം ഒരു സീറ്റില്‍ ഇരുന്നു. മുഖത്തെ ഗൗരവത്തിനു ചെറിയ അയവ് . ഞാന്‍ അദ്ദേഹത്തെ നോക്കി ഭയന്ന് നില്‍ക്കുകയാണ്. എനിക്കൊന്നും മനസ്സിലായില്ല. അദ്ദേഹം ആയാസപ്പെട്ട്‌ തന്‍റെ കാലുയര്‍ത്തി നടുക്കുളള  മേശമേല്‍ വച്ചു.
അതോടെ  എന്‍റെ ഭയത്തിൻറെ  ടോണ്‍ മുഴുവനും മാറി. ഇപ്പോ സിംഹത്തിന്റെ മുന്നില്‍ പെട്ട മാനിന്‍റെ അവസ്ഥയായി. ലോക്കപ്പും പൊലീസുമെല്ലാം പോയി.മനസ്സില്‍ ഗോവിന്ദചാമിയായി. ഗോവിന്ദചാമിയെ ഭയന്ന് ‘വനിത’യില്‍ സ്ഥിരമായി അച്ചടിച്ച്‌ വന്ന പെണ്‍കുട്ടികള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കരാട്ടെ പ്രയോഗങ്ങൾ  ഞാന്‍ പ്രയാസപെട്ടു  ഓര്‍ത്തു വച്ചു. ആരു  പറഞ്ഞു ഈ വാരികകള്‍ എല്ലാം വെറുതെ ആണെന്ന്? ഇപ്പോ കണ്ടില്ലേ? അദ്ദേഹം എന്‍റെ നേരെ നോക്കിയിട്ടു  തെല്ലും ഗൗരവം ഇല്ലാതെ പറഞ്ഞു.

“ മൂന്നു നാല്  വർഷം ആയി മോളെ, ഒന്ന് വീണതാ ഫുട്ബോള്‍ കളിച്ചപ്പോ .. അന്ന് തുടങ്ങിയ മുട്ട് വേദനയാ, ഇംഗ്ലീഷ് മരുന്ന് ഒരുപാട് കഴിച്ചു. മരുന്ന് നിര്‍ത്തിയാല്‍ പിന്നെയും വേദനയാ. അധികം നടന്നാല്‍ അന്ന് പിന്നെ വേദനിച്ച് ഞാന്‍... മോളെനിക്ക് ഒരു എണ്ണ പറഞ്ഞു തരോ പുരട്ടാന്‍??’
അദ്ദേഹം തികച്ചും സൗമ്യനായ്‌ എന്‍റെ നേര്‍ക്ക്‌ നോക്കി. എന്‍റെ മനസ്സില്‍ ക്രൂരനായ ഒരു മനുഷ്യന്‍ അതാ നിസ്സഹായനായ വെറും മനുഷ്യനാവുന്നു. ആയുര്‍വേദക്കാര്‍ക്ക് ഉഴിഞ്ഞു വെച്ച പോലെ ഉളള  ഒരു വെറും  മുട്ട് വേദനാ രോഗി. കാര്കശ്യത്തിനു പിന്നില്‍ എങ്ങനെ ഒരു മുഖം അദ്ദേഹത്തിനുണ്ടെന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. രോഗിയാവുമ്പോള്‍ മനുഷ്യന്റെ സകല പത്രാസും ഒടുങ്ങുമെന്നും അവന്‍ സാധാരണയില്‍ സാധാരണകാരന്‍ ആവുമെന്നുമെല്ലാം ഉളള  വലിയ പാഠം ഞാന്‍ അപ്പോള്‍ പഠിക്കുകയായിരുന്നു.
കഴിഞ്ഞ കുറെ നിമിഷങ്ങള്‍ കൊണ്ട് എന്‍റെ മനസ്സില്‍ ഉണ്ടായ ആശങ്കകള്‍ തത്സമയം ചന്ദ്രനിലേക്ക് പറന്നു.  പോലീസും ലോക്കപ്പും  എല്ലാം ആയുര്‍വേദത്തിന്റെ ഹരിതാഭയില്‍ മുങ്ങി.
തത്വ ചിന്തകളില്‍ അഭിരമിചിരിക്കുമ്പോളാണ് അടുത്ത സ്ഫോടനം.ഞാന്‍ വെറും ഒരു ഒന്നാം വര്‍ഷ വിദ്യാര്‍ഥി ആണെന്ന ഒരു  വലിയ യാഥാര്‍ത്ഥ്യം എനിക്ക് ഓർമ വന്നു. ഒരു മരുന്ന് പോലും എനിക്ക് നിശ്ചയമില്ല. ആദ്യ വർഷം ആശുപത്രിയില്‍ നിന്ന് വിലക്ക് കല്‍പ്പിച്ച സിലബസിനോട് കടുത്ത അമര്‍ഷം തോന്നി.പദാര്‍ത്ഥ വിജ്ഞാനവും സംസ്കൃതവും രചനയും ക്രിയയുമേല്ലാം ഞാന്‍  അടിമുടി മനസ്സില്‍ തിരഞ്ഞു. എവിടെയും ഒരു മരുന്നും  പഠിച്ചിട്ടില്ല. എല്ലാം തകരാന്‍ പോവുകയാണ്. എന്‍റെ ഒരു സ്വഭാവം വച്ച് കുഞ്ഞു നാളില്‍ തട്ടലും മുട്ടലും സുലഭമായി ഉണ്ടായിട്ടുണ്ടെങ്കിലും ‘ ഒരു തൈലം പുരട്ടുക’  എന്നതിലപ്പുറം ഒരു പേര് ഉമ്മ പറഞ്ഞതായി ഓര്‍ക്കുന്നില്ല. ഞാനാ ദയനീയ സത്യം തിരിച്ചറിഞ്ഞു. മറ്റേതൊരു മലയാളിയും പോലെ ദശമൂലാരിഷ്ടവും കോട്ടക്കല്‍ ആര്യ വൈദ്യ ശാലയും   തന്നെയാണ് എനിക്കിപ്പഴും ആയുര്‍വേദം. പോലീസും ലോക്കപ്പും സർവ  സന്നാഹങ്ങളോടെ  തിരിച്ചു വന്നു.
അദ്ദേഹം എന്നെ ഉറ്റു നോക്കി കൊണ്ടിരിക്കുകയാണ്. എന്‍റെ ഉളളിലെ സംഘര്‍ഷം തെല്ലും പുറമേ കാണിക്കാതെയാണ് നില്‍പ്പ്. പെട്ടെന്ന് മനസ്സില്‍ ഒരു വെളളിടി വെട്ടി. അവസാന മാസം കോളേജില്‍ മരുന്നുണ്ടാക്കാനുളള  ക്യാമ്പില്‍ കോളേജ് യൂണിയനെയും  മുഴുവന്‍  ലോകത്തെയും ശപിച്ചു കൊണ്ട് പങ്കെടുത്തതോര്‍ത്തു.
കിട്ടി പോയി. മുറിവെണ്ണ, അതു മതി. പേര് കേട്ടാല്‍ തന്നെ അറിയാം. ഉഗ്രന്‍ ആയിരിക്കും. ഞാന്‍ അതാ വലിയ ഡോക്ടര്‍ ആയി പരിണമിക്കുകയാണ്. കോളേജ് യൂണിയന് സ്തുതി. ഒരു പേപ്പറില്‍ ഞാന്‍ മുറിവെണ്ണ എന്ന് കുറിച്ചു കൊടുത്തു. എപ്പോള്‍, എങ്ങനെ  എന്ന് ചോദിക്കും മുമ്പ് തന്നെ, രാത്രി പുരട്ടിക്കോളു  എന്ന ഉത്തരവും പാസ്സാക്കി. ഒരു കഷായം കൂടി ചോദിക്കുന്നതിനു മുമ്പ് സ്കൂട്ട് ആയേ  പറ്റു.. .
അദ്ദേഹം നിറഞ്ഞു പുഞ്ചിരിച്ചു.
‘ ആലപ്പുഴ കഴിഞ്ഞാല്‍, AC യില്‍ സീറ്റ്‌ ഉണ്ട്. അങ്ങോട്ട്‌ മാറിയിരുണ്ണോളു.... പിന്നെ തിരൂര്‍ വരെ കാലിയാണ്’
അദ്ദേഹത്തോടും മഹത്തായ ആയുര്‍വേദ ശാസ്ത്രത്തോടും  മാപ്പ് പറഞ്ഞു വല്ലാത്ത കുറ്റബോധത്തോടെ ഞാന്‍ ഉമ്മയുടെ അരികിലേക്ക് നീങ്ങി.
ഹോ .....ജയ് ആയുര്‍വേദ.... 








Sunday, 25 October 2015

കടൽ
(ആയുര്‍വേദ കോളേജില്‍  നിന്ന്)


ഗൈനക്കോളജി വിഭാഗത്തില്‍ തിരക്കേറിയ ഒരു ദിവസം ഡോക്ടറുടെ കൂടെ റൌണ്ട്സ് കഴിഞ്ഞു ക്ഷീണിച്ചു ഒ പി യില്‍‍ എത്തിയപ്പോഴാണ്  ആ സ്ത്രീയെ ഞാന്‍ ആദ്യമായി കാണുന്നത്. മുഖം പാതി മറച്ച് കൈയിലും കാലിലും സോക്സിട്ടു വരുന്ന പതിവ് രോഗികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാന്‍ തക്കതായി അവര്‍ക്കൊന്നുമുണ്ടായിരുന്നില്ല. അക്ഷമനായ ഒരു ഭര്‍ത്താവല്ലാതെ. അയാള്‍ ഇടയ്ക്കിടയ്ക്ക് എന്തൊക്കെയോ ആക്രോശിക്കുന്നുണ്ടായിരുന്നു ആ സ്ത്രീയോട്. അവരുടെ മുഖത്തെ അപ്പോഴത്തെ ഭാവം കാണാന്‍ സ്ത്രീസഹജമായ ഒരു ആവേശം അവിടെ കൂടി നിന്ന മറ്റു സ്ത്രീകളിലെന്ന   പോലെ എന്‍റെ ഉളളിലും   ഉണ്ടായെങ്കിലും പകുതി മറച്ച മുഖത്ത് നിന്നും ഒന്നും കിട്ടാതെ ഞാന്‍ ഫലത്തില്‍ ഇളിഭ്യയായി. തദ്വാരാ എന്‍റെ ഉളളിലെ  സദാചാരം ഉണരുകയും ഞാന്‍ ‘കുട്ടി ഡോക്ടര്‍’ ആയി പരിണമിക്കുകയും ചെയ്യുന്നതിന്‍റെ പ്രയത്നത്തിനിടക്കുളള  ഒരു നിമിഷത്തിലാണ് ഞാന്‍ അവരുടെ കണ്ണുകള്‍ ശ്രദ്ധിച്ചത്. ഗൈനക്കോളജി വിഭാഗത്തിലെ പതിവ് പ്രതീക്ഷാ നിര്‍ഭരമായ നോട്ടമോ ഭര്‍ത്താവിന്‍റെ അക്ഷമയിലുളള  അസഹിഷ്ണുതയോ ഒരു നിരാശയോ ഒന്നും തന്നെയില്ല. നിറമില്ലാത്ത, തിളക്കമില്ലാത്ത രണ്ടു കണ്ണുകള്‍. ആ തിളക്കമില്ലായ്മയ്ക്ക് ഒരു വല്ലാത്ത ആകര്‍ഷണീയത. ഒരു സാത്വികഭാവം പോലെ. അലതല്ലുന്ന ഒരു കടല്‍ ആ കണ്ണില് മറച്ചു വച്ച പോലെ തോന്നി. ഒന്ന് തൊട്ടാല്‍ ഒഴുകാന്‍ പാകത്തിനു കെട്ടിനിര്‍ത്തിയ പോലെ. എനിക്കെന്തോ വല്ലാത്ത ഒരടുപ്പം മനസ്സുകൊണ്ട് തോന്നിയെങ്കിലും അവരുടെ ഭര്‍ത്താവിന്‍റെ  അടുത്ത ആക്രോശത്തില്‍ അതു അലിഞ്ഞു പോയി. വരിയുടെ നീളം കുറയുന്നതനുസരിച്ചു അയാളുടെ ശബ്ദം കേള്‍ക്കാതായി.

  
ഡോക്ടര്‍ പതിവ് പുഞ്ചിരിയോടെ ഇരിക്കാന്‍ പറയുന്നതും,എറെ ആയാസപ്പെട്ട്‌ അവര്‍ ഇരിക്കുന്നതും നോക്കി ഞാന്‍ മാറി നിന്നു. തിരക്ക് കൂടുതലായതിനാല്‍ ഡോക്ടര്‍ OP ഷീറ്റ് ചുറ്റുമുള്ള ഞാനടക്കമുള്ള വിദ്യാഥികള്‍ക്ക് നേരെ നീട്ടി. രോഗിയോട് രോഗ വിവരങ്ങള്‍ തിരക്കി ഒപി ഷീറ്റില്‍ രേഖപ്പെടുത്താനാണ്  തരുന്നത്.സഹാപാടികളെല്ലാം  സ്വന്തം നോട്ട് പേഡിലേക്ക് മുഖം പൂഴ്ത്തി,  അതു വരെ ഇല്ലാത്ത എഴുത്ത് എല്ലാവര്‍ക്കും. കയ്യില്‍ ഒരു പേന പോലുമില്ലാത്തില്‍ എനിക്ക് കടുത്ത നിരാശ തോന്നി.   ഒപി ഷീറ്റ് ഡോക്ടര്‍ എന്‍റെ നേരെ നിഷ്കരുണം നീട്ടി.  ഇത്രമേല്‍ അക്ഷമനായി ഭര്‍ത്താവ് നില്‍ക്കുമ്പോള്‍ അവരോടു എങ്ങനെ കാര്യങ്ങള്‍ ചോദിക്കുമെന്ന ആശങ്കയാണ് എല്ലാവരെയും ക്ഷണ നേരം കൊണ്ട് ഇത്ര വല്ല്യ എഴുത്തുകാരികളാക്കിയതെന്നു എനിക്ക് മനസ്സിലായി. വീണ്ടും പന്ത്  എനിക്ക് നേരെ. അയാളെ ഞാന്‍ അല്പം ഭയത്തോടെ നോക്കി. ഗോള്‍ പോസ്റ്റില്‍ നില്‍ക്കുന്ന ഗോളിയുടെ ഭാവം അയാള്‍ക്ക്‌. അയാളോട് പുറത്തേക്കു നില്‍ക്കാന്‍ പറയണം എന്നെനിക്കു ശക്തമായ തോന്നലുണ്ടായെങ്കിലും മലയാളമാണോ എന്ന് പോലും സംശയിക്കത്തക്ക രീതിയില്‍ അയാള്‍ നേരത്തെ ആക്രോശിച്ചത് ഓര്‍ത്തപ്പോള്‍ വരാനിരിക്കുന്ന വലിയ മാനഹാനി ഞാന്‍ മുന്നില്‍ കണ്ടു സംയമനം പാലിച്ചു. അപ്പുറത്തെ ബെഞ്ചിലേക്ക് വിരല്‍ ചൂണ്ടി അവരോട് ഇരിക്ക്യാന്‍ പറഞ്ഞു. കൂട്ടുകാരിയുടെ പേന പറിച്ചെടുത്തു അവളെ രൂക്ഷമായി ഒന്ന് നോക്കി ആ സ്ത്രീക്ക് നേരെ നടന്നു. ‘ഇനിയിവിടേം’ എന്ന് തുടങ്ങി എന്തോ പറഞ്ഞു കറുത്ത് തടിച്ച ആ മനുഷ്യന്‍ പുറത്തേക്കു പോയപ്പോള്‍ എനിക്കുണ്ടായ ആശ്വാസം അക്ഷരാര്‍ത്ഥത്തില്‍ ചില്ലറയല്ല. ഒരു വല്ലാത്ത ഫോറിന്‍ സ്പ്രേയുടെ വിലയോളം വരും അതു. മിനിട്ടുകളെടുത്തു അതിന്‍റെ കഠിന സുഗന്ധം അയാളോടൊപ്പം പുറത്തേക്കു യാത്രയാവാന്‍.


മെലിഞ്ഞ ഒരു സ്ത്രീ എന്നത്തില്‍ കവിഞ്ഞു അവരുടെ ആരോഗ്യത്തെ വിലയിരുത്താന്‍ തക്കതായ ഒരു തെളിവും അവര്‍ പുറത്തു പ്രദര്‍ശിപ്പിച്ചിരുന്നില്ല.എങ്കിലും  അവരുടെ ശബ്ദം അവരുടെ ക്ഷയിച്ച ആരോഗ്യത്തെ വിളിച്ചോതുന്നുണ്ടായിരുന്നു. ശരീരം മുഴുവന്‍ കറുപ്പില്‍ പൊതിഞ്ഞു വരുന്ന മഷിക്കുപ്പി പോലുളള  സ്ത്രീകളോട് സംസാരിക്കാന്‍ ഒരു മടി എനിക്ക് തോന്നാറുണ്ട്. മുഖത്ത് നിന്നെങ്കിലും ആ  നിഗൂഢത ഒഴിവാക്കി സംസാരിക്കണമെന്ന്  ആവശ്യപ്പെടുമ്പോള്‍, ചുറ്റും നോക്കി ആളില്ലാത്ത ഭാഗത്തേക്ക് മാറി നിന്ന്, കൂടെ വന്നത് പുരുഷനാണെങ്കില്‍ അയാള്‍ ശ്രദ്ധിക്കുന്നില്ല എന്നുറപ്പ് വരുത്തിയ ശേഷം മാത്രം  മുഖ പടം മാറ്റി ഒരുപാട് സ്ത്രീകള്‍ എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. എന്തോ , ഇവരോട് അങ്ങനെ പറയാന്‍ പോലും തോന്നിയില്ല. കാരണം ആ സ്ത്രീയുടെ കണ്ണുകള്‍ വീണ്ടും എന്‍റെ ശ്രദ്ധയെ തോണ്ടി വിളിക്കുന്നുണ്ടായിരുന്നു. കണ്ണില്‍ ഒരു കടല്‍ എന്നൊക്കെ വായിച്ചിട്ടുണ്ടെന്നല്ലാതെ ഇങ്ങനെ കാണാന്‍ പറ്റുമെന്ന് കരുതിയില്ല. അതു ഒരു പക്ഷെ മുഖ പടം മാറ്റിയാല്‍ ആ തിളക്കമില്ലായ്മ്മ തിലകം ചാര്‍ത്തിയ ആ കണ്ണുകളില്‍ നിന്നുമെന്‍റെ ശ്രദ്ധ മാറിയാലോ.

പതിഞ്ഞ ശബ്ദത്തില്‍ അവര്‍ സംസാരിക്കാന്‍ തുടങ്ങി. 

ഒരു കുഞ്ഞിനു വേണ്ടിയുളള നാലു
വർഷം നീണ്ട കാത്തിരിപ്പ്. മുട്ടാത്ത വാതിലുകളില്ല. പ്രശ്നം തന്‍റെ ഗര്‍ഭ പാത്രത്തിനാണ്. രണ്ടു വട്ടം മുമ്പ് ഗര്‍ഭിണിയായി. അതു അവരെ രണ്ടു മാസത്തോളം സ്വപ്ന സാക്ഷാത്കാരത്തിന്റെ ഗിരിശൃംഗങ്ങളില്‍ കൊണ്ട് നിര്‍ത്തിയിട്ടു ആഴത്തിലേക്ക് തളളിയിട്ടു.  മറ്റെല്ലാവരെയും പോലെ  അവസാന പ്രതീക്ഷയാണ് ആയുര്‍വേദം'
ഇതിലധികം അവരൊന്നും പറഞ്ഞില്ല. സത്യത്തില്‍ രോഗികള്‍ അധികം വാചാലരാവുന്നത് എനിക്ക് ഒട്ടും സഹിക്ക്യാന്‍ വയ്യാത്ത കാര്യമായിരുന്നു. (അങ്ങനെ പാടില്ലെങ്കില്‍ കൂടിയും.) ഇത്തരത്തിലുള്ള കഥ പറച്ചിലില്‍ വീട്ടിലെ ആട് , പശു, കോഴി, കുഞ്ഞുങ്ങള്‍, അകന്ന ബന്ധുക്കള്‍, അയല്‍ക്കാരോടുള്ള വഴക്ക് ഇവരൊക്കെ അഥിതികളായി വരാറുള്ളത് കൊണ്ട്, അത്തരം ആഖ്യാനങ്ങളുടെ ശരപ്രയോഗത്തെ മുന്‍കൂട്ടി കണ്ടു ലക്ഷ്യ സ്ഥാനത്തേക്കുള്ള അമ്പുകള്‍ ആവനാഴിയില്‍ തയ്യാറാക്കി വെക്കാറുണ്ട് ഞാന്‍. എന്നാല്‍ ഇവരോട് വല്ലാത്ത അടുപ്പം തോന്നിയതിനാലാവണം ഞാന്‍ അവരുടെ മുന്നില്‍ ചോദ്യങ്ങള്‍ എയ്തു അവരുടെ വികാരവിരേചനത്തെ സ്തംഭിപ്പിച്ചില്ല. എന്നാല്‍ അവരുടെ കണ്ണിലെ  കടല്‍ത്തിരകള്‍ എന്നെ വന്നു പുല്കുമെന്നോര്‍ത്ത എനിക്ക് അവരുടെ ചുരുങ്ങിയ വാക്കുകള്‍ കടുത്ത നിരാശയേകി.

എന്‍റെ ഉള്ളില്‍ അപകടത്തിന്‍റെ സൈറന്‍ മുഴങ്ങി. എനിക്ക് മനം പിരട്ടലുണ്ടാക്കുന്ന മണം വീണ്ടും വരുന്നു. അയാള്‍ അകത്തേക്ക് വരുന്നു. ഞാന്‍ ജാഗരൂഗയായി. അല്പം ഗൗരവത്തില്‍ അവരുടെ റിപ്പോര്‍ട്ടുകള്‍ വാങ്ങി പരിശോധിക്കാന്‍ തുടങ്ങി. എന്തോ അയാള്‍ അവരോട് ഒച്ചയിടുകയും അവര്‍ തിരിച്ചു ദയനീയമായി അയാളെയും നിറഞ്ഞ കണ്ണുകളോടെ എന്നെയും നോക്കി. എന്‍റെ കാഴ്ച്ചയുടെ ഭംഗിയെ മറച്ചു  ആ കണ്ണുകള്‍ നിറഞ്ഞു. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി തുടങ്ങി. ഒരു വല്ലാത്ത വിഷമം. ആദ്യമായിട്ടാണ് ഒരു രോഗി മുന്നിലിരുന്നു കരയുന്നത്.

അനുസരണയില്ലാതെ ഒഴുകുന്ന കണ്ണീരു പോലെ അവര്‍  പറഞ്ഞു  തുടങ്ങി. എന്‍റെ നെഞ്ചിടിപ്പ് കൂട്ടികൊണ്ട് ഒരു പഴയ മുസ്ലിം തറവാടും ആളുകളെ കൊണ്ട് നിറഞ്ഞ അകത്തളവും, ദിവസവും വീട്ടു ജോലി ചാര്‍ട്ട് ചെയ്യുന്ന ഓഫീസര്‍ ആയി ഉറക്കം എണീക്കുന്ന അമ്മായി അമ്മയും, നൂറായിരം കുഞ്ഞു മക്കളും, മൂന്നു വര്‍ഷം കഴിഞ്ഞു ഗള്‍ഫില്‍ നിന്ന് വന്ന ഭര്‍ത്താവും, കുട്ടികളില്ലാത്തതിന്‍റെ പേരില്‍ ഭര്‍ത്താവിന്‍റെ രണ്ടാം വിവാഹത്തിന്‍റെ ഭീഷണിയും   എല്ലാം മുന്നില്‍ നിരന്നു. എന്‍റെ മനസ്സിന് താങ്ങാവുന്ന സങ്കടങ്ങളുടെ ഭാരം എത്രയാണെന്നു  ആദ്യമായി ഞാൻ  മനസ്സിലാക്കി . കണ്ണുകള്‍ നിറയാന്‍ തുടങ്ങി. അവരനുഭവിച്ച അവഗണന എന്‍റെ ഉളളില്‍ രോഷമായി, ശേഷം കണ്ണീരായി പരിണമിച്ചു ഒഴുകാന്‍ തുടങ്ങി. പേന മാത്രമല്ല , ഒരു തൂവാല എടുക്കാതതിലും ഞാനന്നു വല്ലാതെ വിഷമിച്ചു.

ഡോക്ടര്‍ എന്നെ വിളിച്ചു ‘കഴിഞ്ഞില്ലേ’ എന്ന് ചോദിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ വല്ലാതെ ആശിച്ചു. കാരണം ഇനിയും അവര്‍ക്ക് ഒരുപാട് പറയാനുണ്ടായിരുന്നു. ഗര്‍ഭിണി ആവുന്നത് അമ്മയ്ക്കും കുഞ്ഞിനും അത്ര ആശ്വാസകരമാവില്ല എന്ന താക്കീതിനു മുന്നില്‍ ഡോക്ട്ടറെ തെറി വിളിച്ചിറങ്ങി പോന്ന ഭര്‍ത്താവിനെ കുറിച്ച്, മറ്റു ചികിത്സകളുടെ ചിലവുകളെ കുറിച്ച്, ഒരു പൈതലെന്ന സ്വപ്നത്തിനു പണയം വച്ച ആഭരണങ്ങളെ കുറിച്ച്, മുടി നാരില്‍ തൂങ്ങിയാടുന്ന ദാമ്പത്യത്തെ കുറിച്ച്, അങ്ങനെ അവര്‍ പറഞ്ഞു കൊണ്ടേയിരുന്നു. ആ മനുഷ്യന്‍ ഇപ്പോ കയറി വരല്ലേ എന്നു ഞാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു. ഒരു പക്ഷെ, എടുത്തണിഞ്ഞ പുതുക്കം മാറാത്ത കോട്ട്‌ ജീവിത കാലം മുഴുവന്‍ അണിയാന്‍ പറ്റാത്തത്ര മേല്‍ കടുപ്പമായി പ്രതികരിച്ചേനെ, അയാളെന്‍റെ മുന്നില്‍ അപ്പോള്‍ വന്നാല്‍.
ഞാന്‍ മെല്ലെ എണീറ്റു. കാലിയായി കിടന്ന ഒ.പ്പി ഷീറ്റു കൂട്ടുകാരിയെ ഏല്പിച്ചു ഞാന്‍ പുറത്തേക്കു ഓടി. എല്ലാവരില്‍ നിന്നും നനഞ്ഞ കണ്ണുകള്‍ ഒളിപ്പിക്കാന്‍ ഞാന്‍ ഒരുപാട് പാടുപെട്ടു.

   പിന്നീട് ഇടയ്ക്കിടയ്ക്ക് അവരെന്‍റെ  എഴുത്തുകളില്‍ ഒരു ജ്വാലയായി വരാറുണ്ടായിരുന്നു. എന്‍റെ അക്ഷരങ്ങള്‍ക്ക് അവര്‍ ജീവന്‍ കൊടുത്തു, ശബ്ദം കൊടുത്തു. അവരേല്പിച്ച പൊളളല്‍ എന്നിലെ സ്ത്രീയെ അത്രയേറെ നോവിച്ചിരിക്കണം. എങ്കിലും ഇനി ഒരിക്കല്‍ കൂടി കണ്ടാല്‍ അവരെ എനിക്ക് തിരിച്ചറിയാനാവില്ലല്ലോ എന്നോര്‍ത്ത് എന്‍റെ ഹൃദയം വിങ്ങി. അപ്പോള്‍ മനസ്സില്‍ ഞാന്‍ കറുത്ത് തടിച്ച ആ ഗള്‍ഫുകാന്‍റെ മുഖം വളരെ കഷ്ടപ്പെട്ട് ഓര്‍ത്തെടുത്തു വച്ചു.ആ മണവും. അതു ഓര്‍മയില്‍ പോലും എനിക്ക് മനം  പിരട്ടലുണ്ടാക്കിയെങ്കിലും, അവരുടെ കണ്ണുകള്‍ ഒരു പൈതലിന്‍റെ പാല്‍മണമേറ്റ് തിളക്കമാര്‍ന്നു പോയ്പോയാല്‍ അവരെ തിരിച്ചറിയാന്‍ എനിക്ക് ആകെയുളള  കച്ചിതുരുമ്പ് അയാളായതിനാല്‍ ഇത്തിരി ത്യാഗം ഞാന്‍ സഹിച്ചു. 

ഹൌസ് സര്‍ജന്‍സി അവസാന ദിവസങ്ങള്‍.  മര്‍മം ഒപി യുടെ തിരക്കില്‍ സര്‍വം മറന്നു ഗുസ്തി പിടിക്കുന്നതിനിടയ്ക്കു ഒരു സ്ത്രീ, കുട്ടികളുടെ വിഭാഗത്തിന് മുന്നില്‍ നില്‍ക്കുന്നത് കണ്ടു. ഞാന്‍ അറിയാതെ നെഞ്ചില്‍ ഒരു ആളല്‍.അവരെ തിരിച്ചറിയാന്‍ ഒന്നുമൊന്നും എന്‍റെ പക്കല്‍ ഉണ്ടായിരുന്നില്ല. എങ്കിലും നെഞ്ചിന്‍റെ വിങ്ങലിന്റെ ആഴം ഞാന്‍ ക്ഷണ നേരം കൊണ്ട് അളന്നു. അവരെ ഓര്‍ത്തെടുക്കാന്‍ എനിക്ക് ഒന്നുമൊന്നും വേണ്ടി വന്നില്ല. അവരുടെ കണ്ണുകള്‍ കാണാന്‍ പാകത്തിന് ഞാന്‍ അടുത്ത് ചെന്നു .അവരുടെ കണ്ണുകളില്‍ അതേ കടല്‍. അതേ നിസ്സംഗത. അല്‍പ്പം തിരയിളക്കം കൂടിയ പോലെ. അവരെന്നോട് ചിരിച്ചിരിക്കണം. അറിയില്ല 

ശിശു രോഗ വിഭാഗം എന്നെഴുതിയ ബോര്‍ഡിനു താഴെ കിടക്കുന്ന ബെഞ്ചിലേക്ക് ചൂണ്ടി കാട്ടി അവരു പറഞ്ഞു. മോളാണ്. എന്‍റെ നെഞ്ചിൽ അവര്‍ ആദ്യത്തെ ആണി അടിച്ചു. കൈകാലുകള്‍ തളര്‍ന്നു മുഖത്ത് നോക്കാന്‍ പോലും വയ്യാത്തത്ര അവശയായ ഒരു കുഞ്ഞ്. കണ്ടു മറന്ന അനേകം സെറിബ്രല്‍ പാള്‍സി വന്ന കുട്ടികളുടെ മുഖം മനസ്സിലേക്ക് വന്നു.  വായിലൂടെ ഒലിച്ചിറങ്ങിയ ഉമിനീര് തുടച്ചു കൊടുത്തു ആ സ്ത്രീ എന്നെ നോക്കി. അതേ ദയനീയമായ നോട്ടം. നിസ്സംഗത. അലയടിക്കുന്ന കടല്‍. 
ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി ഒരു ഗര്‍ഭധാരണം, ഏറെ ബുദ്ധിമുട്ടി എങ്കിലും മധുരമുളള   ഗര്‍ഭ കാലം , പ്രാണന്‍ കീറിയെടുത്ത പ്രസവം, പ്രസവത്തിലെ പ്രതീക്ഷിതപ്രശ്നങ്ങള്‍, എന്നു തുടങ്ങി എല്ലാം അവരുടെ കണ്ണില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു.  ഒടുവില്‍ താന്‍  പ്രാണന്‍ പറിച്ചു കൊടുത്തു പ്രസവിച്ച മകളെ ഉപേക്ഷിച്ചു എന്നെന്നേക്കുമായി  മറുനാട്ടിലേക്ക് പറന്നു ഒരു ബ്രേക്ക്‌ എടുത്ത ഭര്‍ത്താവിനെ.  അങ്ങനെ എല്ലാം.

 ഞാന്‍ മെല്ലെ തിരിഞ്ഞു നടന്നു.അവരെ കണ്ടപ്പോള്‍  ആ നശിച്ച ഫോറിന്‍ ഗന്ധം ഒരിക്കല്‍ കൂടി ഓര്‍ത്തെടുത്തതില്‍  ഞാന്‍ എന്നെ തന്നെ ശപിച്ചു. ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ആ കുഞ്ഞ് അപ്പോഴും ആ ബെഞ്ചില്‍ ഡോക്ടറെയും കാത്തിരുന്നു. പുഷ്പിക്കാന്‍ കെല്പ്പില്ലാത്ത  തല്പത്തില്‍ എന്നെ നട്ടു നനച്ചു വളര്‍ത്തിയത് തളിരൊടിക്കാനായിരുന്നോ  എന്ന് ആ കുരുന്നു  ചോദിക്കും പോലെ ... 

ഒരുപാട് ഒരുപാട്  കണ്ടിട്ടും  ഒരിക്കലും കണ്ടിട്ടില്ലാത്ത സഹോദരീ...

നിന്നെ ഗൈനക്കോളജിയില്‍ നിന്ന് പീടിയാട്രിക്സിലേക്ക് പറിച്ചു നട്ട സമൂഹത്തിലെയും വൈദ്യശാസ്ത്രത്തിലെയും  ഒരു കണ്ണിയായത്തില്‍ എനിക്ക് കടുത്ത അമര്‍ഷമുണ്ട്. മുഖമില്ലാത്ത നിനക്ക് സഹതാപമല്ലാതെ  മറ്റെന്തു തരണം ഞാന്‍ ?