ആദ്യ വർഷം കഴിഞ്ഞതേയുള്ളൂ. ആയുര്‍വേദ സ്റ്റേറ്റ് കോണ്‍ഫറന്‍സ്
കഴിഞ്ഞു കൊല്ലത്തു നിന്നും ട്രെയിനില്‍ തിരിച്ചുളള യാത്ര. B.A.M.S ആദ്യ വർഷം കഴിഞ്ഞതേയുള്ളൂ.
സമ്മാനം
മേടിച്ചുളള വരവാണ്. കൂടെയുളളവരെല്ലാം ഉച്ച വണ്ടി പിടിച്ചു. സമയ നിഷ്ടയുടെ കാര്യത്തില്‍
ഞാന്‍ പി ടി ഉഷയെ കടത്തിവെട്ടാറുള്ളതിനാല് ഉച്ച ട്രെയിന്റെ കാര്യം ഗോപി.
വൈകീട്ടത്തെ ട്രെയിനിനു കാത്തിരിപ്പാണ്. എന്റെ കുഞ്ഞനുജന് ഓരോ ട്രെയിനും
സസൂക്ഷ്മം വീക്ഷിക്കുന്നു. ഏതു നിമിഷവും ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മ പരിശോധന വെടിഞ്ഞു അവന് കര്‍മ നിരതനായേക്കാം എന്നതിനാല്‍
ഞാനും ഉമ്മയും അവനെ തന്നെ സൂക്ഷിച്ചു
നോക്കിയിരിക്കുന്നു.
മൂന്നോ നാലോ മണിക്കൂറു കൂടുമ്പോള്‍ കുണുങ്ങി
വരുന്ന ഒരു ബസ്സ് തന്നെ വലിയ
അന്തസായിരുന്ന ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ചത് കൊണ്ടായിരിക്കണം അന്നുമിന്നും
ട്രെയിന്‍ എനിക്കൊരൽഭുതമാണ്. ‘നീണ്ട ബസ്’ എന്ന് തന്നെയായിരുന്നു ട്രെയിന്‍
എന്ന ആംഗലേയ പദത്തിനു വഴിമാറും മുമ്പ് ഞാന്‍ പറഞ്ഞു ശീലിച്ചത്. ‘ഗൈറ്റടവ്’ എന്നും
എല്ലാവർക്കും ഒരു തലവേദന ആണെങ്കില്‍ ആ അഞ്ചു മിനിറ്റ് എനിക്ക് സ്വര്‍ഗീയാനുഭൂതിയായിരുന്നു.
കണ്മുന്നിലൂടെ ചീറിപായുന്ന ‘അവസാനിക്കാത്ത ബസ്സ്’ ഒട്ടേറെ കൗതുകത്തോടെ നോക്കിനിന്ന ബാല്യത്തിലെവിടെയും
പക്ഷെ ‘മരുന്നിനു പോലും’ എനിക്ക് ഒരു ട്രെയിന്‍ യാത്ര ഉണ്ടായിട്ടില്ല.
അതു കൊണ്ടായിരിക്കാം ഈ അടുത്ത കാലത്ത് ആദ്യമായി ട്രെയിനില്‍ വലതു കാല് വച്ച്
കയറും വരെ നിഗൂധമായ ആനന്ദം തരുന്ന എന്തോ
ഒന്ന് ഓരോ ട്രെയിന്‍ കാണുമ്പോഴും, എന്തിനധികം റെയില്‍ കാണുമ്പോള്‍ പോലും ഉളളില്‍
നിറയുമായിരുന്നു. എല്ലാവരും പരസ്പരം
മിണ്ടിയും ചിരിച്ചും, കാത്തു നിന്നും, ഗൈറ്റില്‍ നിന്നു ഹോര്‍ണടിച്ചും, മണവാട്ടിയെ
പോലെ മന്ദം മന്ദം പോവുന്ന നാട്ടിന് പുറത്തെ ബസ്സു മാത്രം കണ്ടു ശീലിച്ച എനിക്ക്,
ഒരേ ഗ്രഹത്തില്‍, ഒരു പോലെ ജനിച്ചവരാണെന്ന
പരിചയം പോലും കാണിക്കാത്ത ട്രെയിന്‍ മനുഷ്യന്മാര് കടുത്ത നിരാശയായി.
എന്തോ
ആദ്യ യാത്രയോടെ നിഗൂധമായ ആ ആനന്ദം വല്ലാത്ത ഭയം ആയി മാറി
AMAI യുടെ സമ്മാനത്തിന്റെ കൂടെ കിട്ടിയ
അഹങ്കാരവും ആവേശവും അല്പം പോലും ചോരാതെ കയ്യിലുളളതിനാലാവണം ട്രെയിനിനെ കുറിച്ച്
അഞ്ചു പൈസയുടെ വിവരം ഇല്ലാത്ത ഞാന്‍ സകുടുംബം ട്രെയിനില്‍. കയ്യിലുളളത്
കൂട്ടുകാരിയുടെ അവള്‍ക്കു പോലുമറിയാത്ത ഏതോ ബന്ധുവിൻറെ കുടുംബ സ്നേഹം ടിക്കെറ്റായി മാറ്റിയത്. അതും
വെറും ഒരെണ്ണം.ഞങ്ങളാകട്ടെ മൂന്നു പേര്. കയറിയത് സ്ലീപ്പെറില്‍. ‘ഉളളില്‍ കയറി
ടിക്കറ്റ് എടുക്കാമല്ലോ അല്ലെങ്കിലെന്താ,
അങ്ങട്ജസ്റ്റ് ചെയ്തിരുന്നാ പോരെ’ എന്ന ഭാവം മുഖത്തും. അതൊരു ഇമ്മിണി വല്ല്യ സാഹസമാണെന്നു
മനസ്സിലാക്കാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല.
സീറ്റ് കണ്ടു പിടിച്ചപ്പോഴേക്ക് അരമണിക്കൂറിലധികമായി.വല്ല
വിധേനയും ഒന്നിരുന്നാല്‍ മതിയെന്നായി.
ഇരുന്നു അധികം കഴിഞ്ഞില്ല. ടി ടി വരുന്നു. കാക്കി ധരിച്ച ഒരു ബസ് കണ്ടക്ടര്‍
സ്റ്റൈലില്‍ ഉളള ഒരു ടി ടി യെ ആണ് ഞാന്‍ പ്രതീക്ഷിച്ചതു എന്ന്
നിങ്ങള്‍ ധരിച്ചെങ്കില്‍ നിങ്ങള്‍ക്ക്
തെറ്റി. അന്യന് സിനിമയും നമ്പര്‍ 20 മദ്രാസ് മെയിലും എല്ലാം, എന്റെ ഉളളിലെ കാക്കി അണിഞ്ഞ ട്രെയിന്‍ കണ്ടക്ടറെ
കോട്ട് ധരിപ്പിച്ചു സുന്ദരനാക്കിയിരുന്നു.
അടുത്ത് വന്നപ്പോള്‍ ഞാന്‍ ബഹുമാനപൂർവം എണീറ്റു. ദാര്‍ഷ്ട്യം അല്ലാതെ മുഖത്ത് നിന്നും
മറ്റൊന്നും വായിച്ചെടുക്കാനാവാത്ത ഒരു വല്ലാത്ത മനുഷ്യന്. ഒന്നും കൂസാത്ത ഭാവം. ചുരുക്കത്തില്‍ ഒരു ക്രൂരനായ സിനിമ
നാടനു പറ്റിയ മുഖം എന്നാണ് ഞാന്‍ മനസ്സിലോര്‍ത്തതു .അദ്ദേഹം സീറ്റിലേക്ക്
നോക്കി. ഞങ്ങള്‍ ഒരു സീറ്റില്‍ കുടുംബ സമേതം താമസം തുടങ്ങിയിരിക്കുകയാണ്.
ഒരറ്റത്ത് കഴിക്കാനുളള ഭക്ഷണവും
പാത്രങ്ങളും. അതിനടുത്ത് ഒരു കുഞ്ഞു പായ , പിന്നെ ബാഗ്, കൊതുക് വല എന്ന് തുടങ്ങി
സര്‍വതും ഉണ്ട്. ഞാന്‍ ജനിച്ചതേ ഇതിലാണെന്ന മട്ടില്‍ ഉമ്മയും അനുജനും ഒന്നും
കൂസാതെ ഇരിക്കുന്നു. ടി ടി യുടെ നോട്ടത്തില്‍ നിന്ന് തന്നെ കാര്യം അത്ര പന്തിയല്ല
എന്നെനിക്കു ബോധ്യമായി തുടങ്ങി. വിനയത്തിന്റെ വോള്യം അല്പം കൂട്ടി വച്ച് ഞാന്‍ ഒരു ടിക്കറ്റ് കൂടി
കിട്ടുമോ എന്ന് വളരെ നിഷ്കളങ്കമായി ചോദിച്ചു.
അദ്ദേഹം വല്ലാത്ത ഒരു നോട്ടം എനിക്ക് നേരെ
എറിഞ്ഞു.
‘ഒരു ടിക്കറ്റെടുത്താണോ നിങ്ങള്‍ മൂന്നു പേര്
സ്ലീപ്പെറില്‍ കയറിയത്? ‘
എനിക്ക്
കാര്യങ്ങള്‍ ബോധ്യമായി തുടങ്ങി. കയറിയിട്ട് ടികെറ്റ് എടുക്കുന്ന ഏര്‍പ്പാട്
ട്രെയിനില്‍ ഇല്ലെന്നു എനിക്ക് മനസ്സിലാക്കി തരാന്‍ അദ്ദേഹം കിണഞ്ഞു ശ്രമിച്ചു.
ഒടുവില്‍ ഞാനങ്ങു സമ്മതിച്ചു കൊടുത്തു.
‘പിഴയൊടുക്കേണ്ടി വരും , ഇറക്കി വിടും പോലീസിനെ വിളിക്ക്യും’ എന്ന് വരെ ആയി.
അത്യാവശ്യം പത്രം വായിക്കുന്നതിനാല്‍ ഈ പാതിരാത്രിയില്‍ ഞങ്ങള്‍ മൂന്നു പേരും
പുറത്തിറങ്ങി നില്ക്കുന്നതും അതിനു ശേഷം ഉണ്ടായേക്കാവുന്ന ഭീകര ദൃശ്യങ്ങളും
എല്ലാം എന്റെ മുന്നില്‍ തെളിഞ്ഞു. അല്പം മാറി നിന്നാണ് സംസാരം. ഉമ്മയും അനിയനും
ഇതൊന്നും കേട്ട മട്ടില്ല.ഞാന്‍ വന്നിട്ട് വേണം ചോറുണ്ണാന്‍ എന്ന ചിന്തയിലാണ്. എനിക്ക് വല്ലാത്ത ദേഷ്യം വന്നു. ഗോതമ്പുണ്ട തിന്നേണ്ടി വരും എന്ന് വിളിച്ചു
പറയാന്‍ തോന്നി.
എന്റെ
ദയനീയത കണ്ടിട്ടും അദ്ദേഹം കാര്കശ്യം
ഒട്ടും വിടാതെ അദ്ദേഹം ചോദിച്ചു ‘ കുട്ടി
എന്ത് ചെയ്യുന്നു?’
ക്ഷണ നേരം കൊണ്ട് ഒരു ഡോക്ടര്‍ എന്ന് പറഞ്ഞാല്‍
കിട്ടുന്ന സ്വീകാര്യതയും ആദരവും പരിഗണയും ഞാന്‍ കൂട്ടി നോക്കി. ഒരു വിദ്യാര്‍ഥി
എന്ന് പറഞ്ഞാല്‍ കിട്ടുന്ന സഹതാപ തരംഗത്തിന്റെ ഇരട്ടിയോളം വരുമെന്ന് യാതൊരു ഗുണന
പട്ടികയുടെയും സഹായമില്ലാതെ ഞാന്‍ കണക്കു
കൂട്ടി. ഈ ഒരു നിലവാരത്തില്‍ പോയാല്‍ ഒരു
മൂന്നര വര്‍ഷം കൊണ്ട് ഞാനും ഡോക്ടര്‍ ആവുമല്ലോ
എന്നങ്ങ് സമാധാനിച്ചു.
‘ആയുര്‍വേദ ഡോക്ടര്‍ ആണ്’ ഞാന്‍ പറഞ്ഞൊപ്പിച്ചു.
അദ്ദേഹത്തിന്റെ കണ്ണുകള്‍ വിടരുമെന്നും, ബഹുമാന
പൂര്‍വ്വം ഇരിക്കാന്‍ പറയുമെന്നും ഒക്കെ
പ്രതീക്ഷിച്ച ഞാന്‍ അദ്ദേഹത്തിന്റെ യാതൊരു ദയയുമില്ലാത്ത നോട്ടത്തിനു മുന്നില്‍
നിന്ന് ചൂളി. വെറും ഡോക്ടര്‍ എന്ന് പറഞ്ഞാല്‍ മതിയായിരുന്നു. പകച്ചു നിന്ന എന്നോടു യാതൊരു ദാക്ഷിണ്യവുമില്ലാതെ
വരൂ എന്ന് പറഞ്ഞു മുന്നോട്ടു നടന്നു. ഒരു വലിയ തുക ഫൈന്‍ അടക്കേണ്ടി വരും എന്ന്
ബോധ്യം ഉളളത് കൊണ്ടാവണം അദ്ദേഹത്തിന്റെ പിന്നാലെ നടക്കാനൊരുങ്ങിയ എന്റെ കയ്യില്‍
ഉമ്മ കനമുളള എന്തോ വച്ച് തന്നു. ഉമ്മയുടെ അവസരോചിതമായ
ഇടപെടലില്‍ അത്യന്തം സന്തുഷ്ടയായി ഞാന്‍ കയ്യിലേക്ക് നോക്കിയനോക്കിയപ്പോള് എന്റെ
സമ്മാന തുക അതേ പടി കവറു പോലും ഒഴിവാക്കാതെ കയ്യില്‍ വച്ചു തന്നിരിക്കുന്നു. ആ
കടുത്ത 'ആത്മാര്‍ഥത' കണ്ടപ്പോള്‍ എനിക്ക് ദേഷ്യം ഇരട്ടിയായി. ഇന്ദുചൂടനെ പോലെ ഞാന്‍ തിരിച്ചു വരും എന്നാ മട്ടില്‍ ശാസനാ പൂര്‍വ്വം
നോക്കിയിട്ട്, പുറത്തു കളയാന്‍ പോവുന്ന പൂച്ച കുട്ടിയെ പോലെ ഞാന്‍ അദ്ദേഹത്തിന്റെ
പിന്നാലെ നടന്നു.
എനിക്ക് പേടിയായി തുടങ്ങി. വെളിച്ചമുളള കമ്പാര്‍ട്ട്മെന്റുകള്‍
പിന്നിലേക്ക് പായുന്നു. നടക്കും തോറും
ഇരുള് നിറയാന്‍ തുടങ്ങി. അദ്ദേഹമാണെങ്കില്‍ പിന്നിലേക്കോട്ടു നോക്കുന്നു
പോലുമില്ല. അനിയനേയെങ്കിലും കൂടെ കൂട്ടാമായിരുന്നു എന്ന് ഖേദ പൂര്‍വ്വം ഓര്‍ത്തു.
എ സിയിലേക്ക് കടന്നതോടെ എന്റെ ഭയം ഇരട്ടിയായി.
കൈ വിറക്കാന്‍ തുടങ്ങി. പോലീസിനെ വിളിക്ക്യാനാണോ? ട്രെയിനില്‍ ലോക്ക് അപ്പ്
ഉണ്ടാവുമോ ? നൂറായിരം സംശയങ്ങള്‍ എന്റെ
ഭയം വർധിപ്പിച്ചു. ഫൈന്‍ അടിക്കുന്ന സ്ഥലം
ദൂരെ ആയതു കൊണ്ടാവാം എന്ന് കരുതി സമാധാനിക്കാന്‍ ശ്രമിച്ചു. ആളില്ലാത്ത
ഇടങ്ങള്‍ കൂടി കൂടി വരുന്നു. എല്ലാവരും
ഉറക്കം പിടിച്ചു തുടങ്ങിയിരിക്കുന്നു, ഒന്ന് മുരടനക്കാന്‍ പോലും ധൈര്യമില്ലാതെ
ഞാന്‍ നടക്കുകയാണ്. തിരിഞ്ഞു നടന്നാലോ
എന്നോര്‍ത്തു തിരിഞ്ഞു നോക്കി. ഇരുട്ട് എന്നെ ഭയപ്പെടുത്തി. ‘ദൈവമുണ്ട്’ എന്ന്
സൈക്കിള്‍ ശുദ്ധ അഗര്ബത്തിക്കാരന് ആവര്‍ത്തിച്ചു പറഞ്ഞത് അന്നേ കണക്കിലെടുക്കാത്തതില്‍
ഞാന്‍ വല്ലാതെ ഖേദിച്ചു. പ്രാര്‍ത്ഥിക്കാന്‍ ഇങ്ങനെയും ഒരു കാരണം ഉണ്ടാവുമെന്ന് സ്വപ്നത്തില്‍ പോലും
വിചാരിച്ചില്ലല്ലോ.
സ്വതസിദ്ധമായ തര്‍ക്ക-സംഭാഷണ ശൈലി ഒന്നുമില്ലാതെ
ആണ് അദ്ദേഹത്തോട് സംസാരിച്ചത്. വിദ്വേഷം തോന്നേണ്ട യാതൊരു കാര്യവുമില്ല. പിന്നെ??
ആളില്ലാത്ത ഒരു കമ്പാര്‍ട്ട്മെന്റില്‍ എത്തി
അദ്ദേഹം നിന്നു. ഞാന്‍ നിന്ന് പൂങ്കുല വിറക്കുകയാണ്. വനിതാ പോലീസു വരണമെന്ന് വാശി
പിടിക്കണമെന്നും അപ്പോഴേക്കും ഉമ്മയേയും
അനിയനെയും വിളിക്ക്യാമെന്നും എല്ലാം കണക്കു കൂട്ടി സിനിമ സ്റ്റൈലില്‍ നില്ക്കുമ്പോള് അദ്ദേഹം
ലൈറ്റ് ഓണ്‍ ചെയ്യുന്നു.
അദ്ദേഹം ഒരു സീറ്റില്‍ ഇരുന്നു. മുഖത്തെ
ഗൗരവത്തിനു ചെറിയ അയവ് . ഞാന്‍ അദ്ദേഹത്തെ നോക്കി ഭയന്ന് നില്‍ക്കുകയാണ്.
എനിക്കൊന്നും മനസ്സിലായില്ല. അദ്ദേഹം ആയാസപ്പെട്ട് തന്റെ കാലുയര്‍ത്തി
നടുക്കുളള മേശമേല്‍ വച്ചു.
അതോടെ
എന്റെ ഭയത്തിൻറെ ടോണ്‍ മുഴുവനും
മാറി. ഇപ്പോ സിംഹത്തിന്റെ മുന്നില്‍ പെട്ട മാനിന്റെ അവസ്ഥയായി. ലോക്കപ്പും
പൊലീസുമെല്ലാം പോയി.മനസ്സില്‍ ഗോവിന്ദചാമിയായി. ഗോവിന്ദചാമിയെ ഭയന്ന് ‘വനിത’യില്‍
സ്ഥിരമായി അച്ചടിച്ച് വന്ന പെണ്‍കുട്ടികള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കരാട്ടെ
പ്രയോഗങ്ങൾ ഞാന്‍ പ്രയാസപെട്ടു ഓര്‍ത്തു വച്ചു. ആരു പറഞ്ഞു ഈ വാരികകള്‍ എല്ലാം വെറുതെ ആണെന്ന്?
ഇപ്പോ കണ്ടില്ലേ? അദ്ദേഹം എന്റെ നേരെ നോക്കിയിട്ടു തെല്ലും ഗൗരവം ഇല്ലാതെ പറഞ്ഞു.
“ മൂന്നു നാല്
വർഷം ആയി മോളെ, ഒന്ന് വീണതാ ഫുട്ബോള്‍ കളിച്ചപ്പോ .. അന്ന് തുടങ്ങിയ മുട്ട്
വേദനയാ, ഇംഗ്ലീഷ് മരുന്ന് ഒരുപാട് കഴിച്ചു. മരുന്ന് നിര്‍ത്തിയാല്‍ പിന്നെയും
വേദനയാ. അധികം നടന്നാല്‍ അന്ന് പിന്നെ വേദനിച്ച് ഞാന്‍... മോളെനിക്ക് ഒരു എണ്ണ
പറഞ്ഞു തരോ പുരട്ടാന്‍??’
അദ്ദേഹം തികച്ചും സൗമ്യനായ് എന്റെ നേര്‍ക്ക്
നോക്കി. എന്റെ മനസ്സില്‍ ക്രൂരനായ ഒരു മനുഷ്യന് അതാ നിസ്സഹായനായ വെറും
മനുഷ്യനാവുന്നു. ആയുര്‍വേദക്കാര്‍ക്ക് ഉഴിഞ്ഞു വെച്ച പോലെ ഉളള ഒരു വെറും
മുട്ട് വേദനാ രോഗി. കാര്കശ്യത്തിനു പിന്നില്‍ എങ്ങനെ ഒരു മുഖം
അദ്ദേഹത്തിനുണ്ടെന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. രോഗിയാവുമ്പോള്‍
മനുഷ്യന്റെ സകല പത്രാസും ഒടുങ്ങുമെന്നും അവന് സാധാരണയില്‍ സാധാരണകാരന്
ആവുമെന്നുമെല്ലാം ഉളള വലിയ പാഠം ഞാന്‍
അപ്പോള്‍ പഠിക്കുകയായിരുന്നു.
കഴിഞ്ഞ കുറെ നിമിഷങ്ങള്‍ കൊണ്ട് എന്റെ മനസ്സില്‍
ഉണ്ടായ ആശങ്കകള്‍ തത്സമയം ചന്ദ്രനിലേക്ക് പറന്നു.
പോലീസും ലോക്കപ്പും എല്ലാം ആയുര്‍വേദത്തിന്റെ
ഹരിതാഭയില്‍ മുങ്ങി.
തത്വ ചിന്തകളില്‍ അഭിരമിചിരിക്കുമ്പോളാണ് അടുത്ത
സ്ഫോടനം.ഞാന്‍ വെറും ഒരു ഒന്നാം വര്‍ഷ വിദ്യാര്‍ഥി ആണെന്ന ഒരു വലിയ യാഥാര്‍ത്ഥ്യം എനിക്ക് ഓർമ വന്നു. ഒരു
മരുന്ന് പോലും എനിക്ക് നിശ്ചയമില്ല. ആദ്യ വർഷം ആശുപത്രിയില്‍ നിന്ന് വിലക്ക് കല്‍പ്പിച്ച
സിലബസിനോട് കടുത്ത അമര്‍ഷം തോന്നി.പദാര്‍ത്ഥ വിജ്ഞാനവും സംസ്കൃതവും രചനയും
ക്രിയയുമേല്ലാം ഞാന്‍ അടിമുടി മനസ്സില്‍
തിരഞ്ഞു. എവിടെയും ഒരു മരുന്നും
പഠിച്ചിട്ടില്ല. എല്ലാം തകരാന്‍ പോവുകയാണ്. എന്റെ ഒരു സ്വഭാവം വച്ച്
കുഞ്ഞു നാളില്‍ തട്ടലും മുട്ടലും സുലഭമായി ഉണ്ടായിട്ടുണ്ടെങ്കിലും ‘ ഒരു തൈലം
പുരട്ടുക’ എന്നതിലപ്പുറം ഒരു പേര് ഉമ്മ
പറഞ്ഞതായി ഓര്‍ക്കുന്നില്ല. ഞാനാ ദയനീയ സത്യം തിരിച്ചറിഞ്ഞു. മറ്റേതൊരു മലയാളിയും
പോലെ ദശമൂലാരിഷ്ടവും കോട്ടക്കല്‍ ആര്യ വൈദ്യ ശാലയും തന്നെയാണ് എനിക്കിപ്പഴും ആയുര്‍വേദം. പോലീസും
ലോക്കപ്പും സർവ സന്നാഹങ്ങളോടെ തിരിച്ചു വന്നു.
അദ്ദേഹം എന്നെ ഉറ്റു നോക്കി കൊണ്ടിരിക്കുകയാണ്.
എന്റെ ഉളളിലെ സംഘര്‍ഷം തെല്ലും പുറമേ കാണിക്കാതെയാണ് നില്‍പ്പ്. പെട്ടെന്ന്
മനസ്സില്‍ ഒരു വെളളിടി വെട്ടി. അവസാന മാസം കോളേജില്‍ മരുന്നുണ്ടാക്കാനുളള ക്യാമ്പില്‍ കോളേജ് യൂണിയനെയും മുഴുവന്‍
ലോകത്തെയും ശപിച്ചു കൊണ്ട് പങ്കെടുത്തതോര്ത്തു.
കിട്ടി പോയി. മുറിവെണ്ണ, അതു മതി. പേര് കേട്ടാല്‍
തന്നെ അറിയാം. ഉഗ്രന്‍ ആയിരിക്കും. ഞാന്‍ അതാ വലിയ ഡോക്ടര്‍ ആയി പരിണമിക്കുകയാണ്.
കോളേജ് യൂണിയന് സ്തുതി. ഒരു പേപ്പറില്‍ ഞാന്‍ മുറിവെണ്ണ എന്ന് കുറിച്ചു കൊടുത്തു.
എപ്പോള്‍, എങ്ങനെ എന്ന് ചോദിക്കും മുമ്പ്
തന്നെ, രാത്രി പുരട്ടിക്കോളു എന്ന
ഉത്തരവും പാസ്സാക്കി. ഒരു കഷായം കൂടി ചോദിക്കുന്നതിനു മുമ്പ് സ്കൂട്ട് ആയേ പറ്റു.. .
അദ്ദേഹം നിറഞ്ഞു പുഞ്ചിരിച്ചു.
‘ ആലപ്പുഴ കഴിഞ്ഞാല്‍, AC യില്‍ സീറ്റ് ഉണ്ട്.
അങ്ങോട്ട് മാറിയിരുണ്ണോളു.... പിന്നെ തിരൂര്‍ വരെ കാലിയാണ്’
അദ്ദേഹത്തോടും മഹത്തായ ആയുര്‍വേദ
ശാസ്ത്രത്തോടും മാപ്പ് പറഞ്ഞു വല്ലാത്ത
കുറ്റബോധത്തോടെ ഞാന്‍ ഉമ്മയുടെ അരികിലേക്ക് നീങ്ങി.
ഹോ .....ജയ് ആയുര്‍വേദ....

അത്യപൂര്‍വ്വമായ സിദ്ധിയുള്ള ഒരു പെണ്‍കുട്ടി ഇതാ വളരെ അടുത്ത് ഞാന്‍ അറിയാതെ ! എന്റെ സാഹിത്യ പരിചയമേ, ലജ്ജിക്കുന്നു ! കുട്ടി, തെരഞ്ഞെടുത്ത വിഷയം ഇതാകരുതായിരുന്നു. അത്, ഭാഷക്ക് ഒരു നഷ്ടമാകും !
ReplyDeletesanthosham...
DeleteKalakki najma kalakki......
ReplyDeleteSammathichu thannirikkunnu ninte dhairyam
thaanks missss
Deletenajma good... iniyum ezhuthanam....
ReplyDeletethaankuuu
ReplyDeleteകലക്കി... തുടർന്നും ഇത്തരത്തിലുള്ള ഗംഭീര എഴുത്തുകൾ പ്രതീക്ഷിക്കുന്നു..
ReplyDeletethaankuu
Delete������ ushar😊
ReplyDeletethaankuu
Deleteഉപമകൾ ഉപയോഗിക്കുമ്പോൾ കുറേക്കൂടി സാന്ദർഭികമായതുകൾ ഉപയോഗിച്ചാൽ അൽപം കൂടെ ഹൃദ്യമാവും എന്നു തോന്നുന്നു. ഒരാളെ കുറിച്ച് പറയുമ്പോൾ ഒരു ചെറിയ Introduction തന്ന് പിന്നീട് .....ന്നയാളെപോലെയെന്നു തോന്നും എന്നും ശ്രമിക്കൂ.
ReplyDeleteഎന്തായാലും ആസ്വാദ്യകരം ആയിട്ടുണ്ട്.
thaanks sir...........thanks for your valuable comments........will make up
Deleteഉപമകൾ ഉപയോഗിക്കുമ്പോൾ കുറേക്കൂടി സാന്ദർഭികമായതുകൾ ഉപയോഗിച്ചാൽ അൽപം കൂടെ ഹൃദ്യമാവും എന്നു തോന്നുന്നു. ഒരാളെ കുറിച്ച് പറയുമ്പോൾ ഒരു ചെറിയ Introduction തന്ന് പിന്നീട് .....ന്നയാളെപോലെയെന്നു തോന്നും എന്നും ശ്രമിക്കൂ.
ReplyDeleteഎന്തായാലും ആസ്വാദ്യകരം ആയിട്ടുണ്ട്.
നന്നായി എഴുതി നജ്മ... ആശംസകൾ...
ReplyDeleteഎഡിറ്റിംഗ് ഒന്നൂടി നടത്താമായിരുന്നൂ. ഇനിയും ആവാല്ലോ. എഴുത്തിന് ഒഴുക്കുണ്ട്. എങ്കിലും ഒന്നൂടി ഫ്ളുവൻറ് ആക്കാം. രസകരമാണ് ഈ വായനാനുഭവം. ഹൃദ്യം...
ഇനിയും തുടരുക.... ഹൃദയം നിറഞ്ഞ ആശംസകൾ..
നന്നായി എഴുതി നജ്മ... ആശംസകൾ...
ReplyDeleteഎഡിറ്റിംഗ് ഒന്നൂടി നടത്താമായിരുന്നൂ. ഇനിയും ആവാല്ലോ. എഴുത്തിന് ഒഴുക്കുണ്ട്. എങ്കിലും ഒന്നൂടി ഫ്ളുവൻറ് ആക്കാം. രസകരമാണ് ഈ വായനാനുഭവം. ഹൃദ്യം...
ഇനിയും തുടരുക.... ഹൃദയം നിറഞ്ഞ ആശംസകൾ..